09:16pm 21 July 2026
NEWS
‘കള്ളൻ വിജയൻ’ ഫേസ്ബുക്കിലൂടെ വെളിച്ചം കണ്ടു; വിവാദ ഫീച്ചർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് എഴുത്തുകാരൻ.
21/07/2026  12:57 PM IST
ചെറുകര സണ്ണിലൂക്കോസ്
കള്ളൻ വിജയൻ ഫേസ്ബുക്കിലൂടെ വെളിച്ചം കണ്ടു ; വിവാദ ഫീച്ചർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് എഴുത്തുകാരൻ

 

ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനിരുന്നെങ്കിലും അവസാന നിമിഷം പിൻവലിച്ച വിവാദ ഫീച്ചർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്. 

തലക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ ശേഷമാണ് അദ്ദേഹം ലേഖനം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്. 

‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ടിലാണ് ഫീച്ചർ.

വി.എസ്. അച്യുതാനന്ദനെ അനുസ്മരിക്കുന്ന പ്രത്യേക പതിപ്പായി ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ അവസാന പേജിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരുന്നത്. 

മുഖലേഖനമായി ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന പേരിൽ കെ.വി. സുധാകരൻ എഴുതിയ വി.എസിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പും പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.

എന്നാൽ വി.എസിന്റെ അനുസ്മരണ ലേഖനത്തിനൊപ്പം ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചർ പ്രസിദ്ധീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് വാരാന്തപ്പതിപ്പിന്റെ അച്ചടിയും വിതരണവും അവസാന നിമിഷം നിർത്തിവെക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിലേക്ക് ചോർന്ന സംഭവത്തിൽ, ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയന് ദേശാഭിമാനി മാനേജ്മെന്റ് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img